കണ്ണൂർ: പാപ്പിനിശേരി കല്ലൂരിക്കടവിൽ വീട്ടിൽ പാചക വാതക സിലിണ്ടറിന് തീപിടിച്ചു. അഗ്നിരക്ഷ സേനയെത്തി സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിനു മുന്പ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴി. കല്ലൂരി കടവിലെ സതിയുടെ വീട്ടിലെ പാചകവാതക സിലിണ്ടറിനാണ് ഇന്നലെ രാവിലെ ഏഴോടെ തീപിടിച്ചത്. പുതിയ സിലിണ്ടർ സ്ഥാപിച്ച് സ്റ്റൗ കത്തിച്ചതോടെ റഗുലേറ്ററിന്റെ ഭാഗത്ത് തീപിടിക്കുകയായിരുന്നു.
റഗുലേറ്ററിൽ തീപിടിച്ചതിനാൽ വീട്ടുകാർക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിൽ സിലിണ്ടർ ഏതു സമയവും പൊട്ടിത്തെറിച്ചേക്കാമെന്ന അവസ്ഥയിലായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംങ്ങൾ അതിസാഹസികമായി സിലിണ്ടർ വീടിനു പുറത്തേക്ക് എത്തിച്ച് വെള്ളം ചീറ്റിയാണ് തീയണച്ചത്. തുടർന്ന് സിലിണ്ടറിന്റെ ചോർച്ച അടച്ചു. ഏതു സമയത്തും സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടമുണ്ടായേക്കാമെന്ന സാഹചര്യത്തിൽ വീട്ടുകാരെയും സമീപത്തുള്ളവരെയും സ്ഥലത്ത് നിന്ന് മാറ്റിയ ശേഷമാണ് രക്ഷാപ്രവർത്തനമാരംഭിച്ചത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം സൂരജിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.കെ. ശ്രീകേഷ്, സി.വിനേഷ്, എൻ.സി. അമൃതാനന്ദൻ, പി.വി. മനോജ്,കെ.അശ്വിൻ, ഹോം ഗാർഡ് കെ. ലക്ഷ്മണൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.